മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് യൂണിറ്റിൻെറ മാതൃകാപരമായ പ്രവർത്തനം ചുങ്കത്തറ പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടന്നു.
- keralamtuservice
- Feb 27
- 2 min read

സെപ്റ്റിക് ടാങ്ക് ശുദ്ധീകരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ജലജന്യരോഗങ്ങളുടെ വ്യാപനവും, ഭൂരിഭാഗം കിണറുകളിലും കോളിഫോം ബാക്ടീരയയുടെ സാന്നിധ്യവും അതിഗുരുതരമായ സ്ഥിതി വിശേഷം ആണ് സംജാതമാക്കുന്നത്.ചുങ്കത്തറ ഉൾപ്പെടുന്ന നിലമ്പൂർ മേഖല ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തേണ്ട മേഖലയാണെന്ന് ആരോഗ്യവകുപ്പിൻെറ നിർദ്ദേശവുമുണ്ട്. സെൻട്രൽ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (CPHEEO) യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സെപ്റ്റിക് ടാങ്ക് നല്ല രീതിയിൽ പരിപാലിക്കുന്നതിന് 2-3 വർഷത്തെ ഇടവേളയിൽ ശുദ്ധീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും ശുപാർശ ചെയ്തിട്ടുമുണ്ട്.
സ്വീവേജ്/സെപ്റ്റേജ് മാലിന്യങ്ങൾ മാറ്റുക എന്നത് ഏറെ ക്ലേശകരമായ പ്രവർത്തനമാണ്. സെപ്റ്റിക് ടാങ്ക് മാലിന്യം സ്രോതസ്സിൽ നിന്നും എടുത്ത് പ്ലാൻറിലെത്തിച്ച് സംസ്കരിക്കുന്നതാണ് ശാസ്ത്രീയ മാർഗ്ഗം എന്നാൽ STP/FSTP പ്ലാൻറുകളുടെ അഭാവം മൂലം പലപ്പോഴും സെപ്റ്റിക് ടാങ്ക് അശാസ്ത്രീയമായി സ്രോതസ്സിനടുത്തോ, സ്വകാര്യ വ്യക്തികൾ വാഹനത്തിലെടുത്ത് ഒഴിഞ്ഞ സ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ തള്ളുന്നത് പതിവായിരിക്കുന്നു. ഈ പ്രശനത്തിന് ഒരു ബദൽ മാർഗ്ഗമായാണ് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് യൂണിറ്റ് (MTU) മാതൃക അവതരിപ്പിച്ചത്
ഒരു ചെറിയ ട്രക്കിൽ ക്രമീകരിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക് സംസ്കരണ യൂണിറ്റാണിത്. 6000 ലിറ്റർ സെപ്റ്റേജ് അഥവാ ശുചിമുറി മലിനജലം ഒരു മണിക്കൂർ കൊണ്ട് സംസ്കരിച്ച് സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും. അപകടകാരികളായ അണുക്കളോ, മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല. യാതൊരുവിധ മണവും ഈ ജലത്തിനുണ്ടാവില്ല. കേന്ദ്ര സർക്കാരിൻെറ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനും സംസ്ഥാന ശുചിത്വ മിഷൻെറ അംഗീകാരവുമുള്ള യൂണിറ്റാണ് MTU. ദേശീയതലത്തിൽ ശ്രദ്ധേയമായ ഗവേഷണസ്ഥാപനം വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസ്തുത സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്.
ചുങ്കത്തറ പഞ്ചായത്തിൻെറ സെപ്റ്റിക് ടാങ്ക് നിറഞ്ഞ അവസ്ഥയുണ്ടായപ്പോൾ ഈ ശാസ്ത്രീയ സംവിധാനത്തെക്കുറിച്ച് അന്വേഷിക്കുകയും നിലമ്പൂരിലും മലപ്പുറം ജില്ലയിലും ഈ സംവിധാനം ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് പ്രേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള MTU ലഭ്യമാക്കണമെന്ന് ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിക്കുകയും അത് പ്രകാരം പ്രേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻെറ വാഹനം എത്തി 10000 ലിറ്ററിലധികം സെപ്റ്റിക് മാലിന്യം ശുദ്ധീകരിച്ച് സെപ്റ്റിക് ടാങ്ക് വീണ്ടും ഉപയോഗയോഗ്യമാക്കുകയും ചെയ്തു. ഇത് വഴി, ശാസ്ത്രീയമായ സംവിധാനം, മാതൃകാപരമായ രീതി ജനപ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതിനും ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്തു.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഇത്തരം രണ്ട് യൂണിറ്റുകൾ വാങ്ങുന്നതിന് ക്രമീകരണം ചെയ്യുന്നതായാണ് അറിയാൻ കഴിഞ്ഞത്. അത് വഴി നിലമ്പൂർ മേഖലയിലാകെ സെപ്റ്റിക് ടാങ്കുകളുടെ പരിപാലനം ശാസ്ത്രീയമായി നിർവ്വഹിക്കുന്നതിനും, കോളിഫോം ബാക്ടീരികളുടെ വ്യാപനവും അതുവഴി ജലജന്യ രോഗങ്ങൾ പടരുന്നതും പരമാവധി തടയാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഈ യൂണിറ്റ് വിട്ടു നൽകിയ പ്രേരാമ്പ്ര ഗ്രാമ പഞ്ചായത്തിനോടും, സേവനം നൽകുന്നതിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർവ്വീസ് ഏജൻസി ഭൗമ എൻവിരോടെക്നോടുമുള്ള നന്ദി ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി. വൽസമ്മ സെബാസ്റ്റ്യൻ അറിയിച്ചു. മുൻകൈയെടുത്ത ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷർ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, എസി. എൻജിനീയർ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയും അഭിനന്ദിച്ചു.
പ്രസിഡണ്ടിനോടൊപ്പം വൈസ് പ്രസിഡണ്ട് ശ്രീമതി.സൈനബ മാമ്പളി, മെമ്പർമാരായ ബിന്ദു സത്യൻ, ബൈജു, ബുഷ്റാബി, നിഷിദ മുഹമ്മദാലി, മൈമൂന കെ.പി, സെക്രട്ടറി ഇൻ ചാർജ്ജ് ബൈജു, അസി. എൻജിനീയർ ജംഷീദ്, ഓവർസിയർ അജീഷ് എന്നിവർ MTU വിൻെറ പ്രവർത്തനം വീക്ഷിക്കുകയും, പദ്ധതി വിലയുരുത്തുകയും ചെയ്തു.



